
by: ഡോ. സുകുമാര്‍ കാനഡ
ശ്രീരാമന്റെ കഥ, വാല്‍മീകിരാമായണമായും അദ്ധ്യാത്മരാമായണമായും നമുക്കെല്ലാം സുപരിചിതമാണ്. ഭാരതത്തില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും രാമന്റെ കഥ പലപല രീതികളില്‍ പാടി പതിഞ്ഞതാണ്. ഇസ്ലാമിക രാജ്യങ്ങളില്‍പ്പോലും. ഉദാഹരണത്തിന്, ഇന്തോനേഷ്യയില്‍ രാമായണം വളരെ വിപുലമായിത്തന്നെ ആഘോഷിക്കപ്പെടുന്നുണ്ട്. എല്ലാവരും ഭക്തിവിശ്വാസങ്ങളുടേതായ തലങ്ങളിലല്ല രാമായണത്തെ കാണുന്നത്. അങ്ങിനെ വേണമെന്ന് നമ്മള്‍ വാശിപിടിക്കുകയുമരുത്. കാരണം ഒരു ക്ലാസ്സിക് കൃതിയ്ക്ക് കാലാതിവര്‍ത്തിയായ കരുത്തുണ്ടാകുന്നത് വൈവിദ്ധ്യമാര്‍ന്ന തലങ്ങളിലുള്ള വ്യാഖ്യാനങ്ങള്‍ അതിനുണ്ടാവുമ്പോഴാണ്. മലയാളത്തിലെ ഏറ്റവും വില്‍പ്പനയുള്ള പുസ്തകം രാമായണമാണ്. മറ്റൊരു കൃതിക്കും അടുത്തുപോലും എത്താന്‍ കഴിയാത്തത്ര പ്രതികളാണത്രെ എല്ലാ വര്‍ഷവും വിറ്റുപോവുന്നത്! ശ്രീരാമചരിതം എത്ര പാടിയാലും, എത്ര ഭാഷകളില്‍ വിശദീകരിച്ചാലും മടുക്കാത്ത ക്ലാസ്സിക് കൃതിയാവാന്‍ അതിന്റെ രചയിതാവായ ആദികവി വാല്മീകിമഹര്‍ഷി പല കാര്യങ്ങളും അതീവ നൈപുണ്യത്തോടെ അവതരിപ്പിച്ചു വച്ചിട്ടുണ്ട്.
ആദികാവ്യത്തില്‍ അതിസൂക്ഷ്മമായി ചിലപ്പോള്‍ നിഗൂഢമായിത്തന്നെ കരുതിവെച്ചിരിക്കുന്ന ജ്ഞാനനിധികളുടെ അക്ഷരപ്പൂട്ടുകളെപ്പറ്റി പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ അക്ഷരപ്പൂട്ടുകളുടെ മാസ്മരികത കൊണ്ടാണ് ഇപ്പോഴും നാം രാമായണം വായിച്ചു വികാരംകൊള്ളുന്നത്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മനസ്സിരുത്തി ഒന്നുറക്കെ ചൊല്ലി നോക്കിയാല്‍, കണ്ണ് നിറയാതെ, തൊണ്ടയില്‍ ഒരു കരച്ചിലിന്റെ നനവില്ലാതെ നമുക്കത് വായിച്ചു തീര്‍ക്കാനാവില്ല. കാരണം രാമായണത്തിലെ ഓരോരോ സന്ദര്‍ഭങ്ങളും വായനക്കാരന്റെ ഉള്ളില്‍ അനുരണനം ചെയ്യുന്ന വികാരങ്ങളാണ് ഉണ്ടാക്കുന്നത്. എല്ലാത്തരത്തിലുമുള്ള കുടുംബബന്ധങ്ങള്‍ മുതല്‍ യുദ്ധവിന്യാസ തത്വശാസ്ത്രം വരെ രാമായണത്തില്‍ കാണാം.
രാമായണ കഥ എല്ലാവര്‍ക്കും അറിയാം. ശ്രീരാമലക്ഷ്മണഭരത്ശത്രുഘ്‌നന്‍മാരുടെ ജനനം, വിദ്യാഭ്യാസം, ജനകന്റെ കൊട്ടാരത്തില്‍ പരശുരാമ ചാപം ഭഞ്ജിച്ച് രാമന്‍ സീതയേയും ലക്ഷ്മണന്‍ ഊര്‍മ്മിളയെയും ഭരതന്‍ മാണ്ഡവിയെയും ശത്രുഘ്‌നന്‍ ശ്രുതകീര്‍ത്തിയെയും യഥാസമയം വിവാഹം കഴിച്ചത് എല്ലാം നാമെത്രയോ തവണ വായിച്ചും കെട്ടും രസിച്ചിരിക്കുന്നു. അങ്ങിനെ സുഖമായി കൊട്ടാരത്തില്‍ ജീവിക്കുമ്പോഴാണ് ശ്രീരാമന് പട്ടാഭിഷേകം ചെയ്യാനുള്ള തീരുമാനം ഉണ്ടാവുന്നത്. ദശരഥന്റെ രാജ്ഞിമാരില്‍ പ്രിയപെട്ടവളായ കൈകേയി തനിക്ക് അവകാശപെട്ട വരം ചോദിച്ച് ശ്രീരാമനെ കാട്ടിലയക്കുന്നു. ലക്ഷ്മണനും സീതയും ശ്രീരാമന്റെ കൂടെ കാട്ടിലേയ്ക്ക് പുറപ്പെട്ടു. കാട്ടില്‍ച്ചെന്ന് താമസം തുടങ്ങിയ ശേഷം സീതയെ രാവണന്‍ കട്ടുകൊണ്ടു പോകുന്നതും ഹനുമാന്റെ സഹായത്തോടെ സുഗ്രീവസൈന്യമായ വാനരപ്പട രാമന് ഒത്താശ ചെയ്ത് രാവണനെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നതുമായ കഥയാണല്ലോ രാമായണത്തിലുള്ളത്.
രാവണനിഗ്രഹം കഴിഞ്ഞ് അയോദ്ധ്യയിലെത്തിയ രാമന് ഉടനേ തന്നെ പട്ടാഭിഷേകം നടന്നു. ഇത്രയും കഥ കഴിഞ്ഞാല്‍പ്പിന്നെ ഉത്തരരാമായണമാണ്. രാമായണമാസത്തില്‍ (കര്‍ക്കിടക മാസം) കേരളത്തില്‍ സാധാരണയായി ഈ ഭാഗം വായിക്കുക പതിവില്ല. രാമരാജ്യം എങ്ങിനെയിരുന്നു എന്തായിരുന്നു എന്ന് നാം മനസ്സിലാക്കുന്നത് ഇവിടെയാണ്. പ്രജകളുടെ ഐശ്വര്യാര്‍ത്ഥം രാമന്‍ രാജ്യം ഭരിച്ചുവന്നു. സര്‍വ്വോല്‍കൃഷ്ടമായ ഭരണം. ബാലമരണങ്ങള്‍ ഇല്ല. ശത്രുക്കള്‍ ഇല്ല. ആരോടുമുള്ള ശത്രുതാമനോഭാവം പോലും എങ്ങുമില്ല എന്നര്‍ത്ഥം. ഉള്ളില്‍ ശത്രുത ഉണ്ടായിട്ട് 'ഞാന്‍ ക്ഷമിക്കുന്നു' എന്നല്ല, ശത്രുതയെന്ന തോന്നലേ ജനങ്ങള്‍ക്കുള്ളിലില്ല. ഈ വിധത്തില്‍ ഉദാത്തമായ ഒരു രാമരാജ്യത്തെയാണ് ഗാന്ധിജി ഏറ്റവും ഉത്തമ ഭരണത്തിനുദാഹരണമായി കണ്ടത്.
സീതാപരിത്യാഗ ദുഃഖസങ്കല്‍പ്പം വെറും കഥാമാലിക
ഇങ്ങിനെ ഉത്തമനായ രാജാവ്, ശ്രീരാമന്‍ ഗര്‍ഭിണിയായ സീതാദേവിയെ കാട്ടില്‍ കൊണ്ടാക്കി മടങ്ങാന്‍ ലക്ഷ്മണനോട് പറയുകയാണ്. എന്താണ് കാരണം? നാട്ടിലെ ഒരപവാദം, കേട്ടത് പാതി, കേള്‍ക്കാത്ത പാതി, ശ്രീരാമന്‍ ഭാര്യയെ ഉപേക്ഷിച്ചു! എന്തൊരു ക്രൂരത എന്നൊക്കെ നമുക്ക് തോന്നാം. അപവാദം എന്തായിരുന്നു? വിഴുപ്പലക്കുന്ന ദമ്പതിമാരുടെ വഴക്കാണ് സന്ദര്‍ഭം. ഭാര്യ മറ്റൊരിടത്ത് പോയി രാത്രി ചിലവഴിച്ചു തിരിച്ചു വന്നപ്പോള്‍ ഭര്‍ത്താവിന്റെ ശകാരമിങ്ങിനെയായിരുന്നു: 'വല്ലവന്റെയും വീട്ടില്‍ താമസിച്ചു തിരിച്ചുവന്ന ഭാര്യയെ സ്വീകരിക്കാന്‍ ഞാന്‍ ശ്രീരാമനൊന്നുമല്ല!' രാവണന്റെ കോട്ടയില്‍ താമസിച്ചു തിരിച്ചുവന്ന സീതാദേവിയെ രാമന്‍ സ്വീകരിച്ചതിനെയാണ് അയാള്‍ സൂചിപ്പിച്ചത്. രഹസ്യദൂതന്മാരില്‍ നിന്നും വിവരമറിഞ്ഞ രാമന്‍ സീതയെ സൂത്രത്തില്‍ കാട്ടിലേയ്ക്ക് നാടുകടത്തി എന്നാണ് പൊതുവേയുള്ള കഥ.
സീതയെ കാട്ടില്‍ ഉപേക്ഷിച്ചുവെന്നുള്ള കാര്യത്തില്‍ രാമനോട് അനുഭാവമുള്ളവര്‍ നമ്മില്‍ ആരൊക്കെയാണ്? രാമനെ എതിര്‍ക്കുന്നവര്‍ ആരൊക്കെയാണ്? നല്ലൊരു വിവാദവിഷയം തന്നെയാണീ പരിത്യാഗപര്‍വ്വം.
ഇവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞ അക്ഷരപ്പൂട്ടിന്റെ താക്കോല്‍ വാല്‍മീകി നമുക്കായി ഒളിപ്പിച്ചു വെച്ചത്. വിവാദമാണ് പൂട്ട്; ആത്മാനുസന്ധാനമാകുന്ന താക്കോലിട്ടു തിരിക്കുകയാണ് അത് തുറക്കാനുള്ള ഏക പോംവഴി. കാലമുള്ളിടത്തോളം ഈ വിവാദവിഷയം ഒരു സമസ്യയായി, ചര്‍ച്ചാവിഷയമായി തുടരും. തുടരണം എന്നാണ് മഹര്‍ഷിയുടെ ആഗ്രഹവും. കാരണം, ഒരു കഥ, അതും രാമായണംപോലെ സംഭവബഹുലമായ കഥ അവസാനിക്കുമ്പോള്‍, 'അങ്ങിനെ രാജാവും രാജ്ഞിയും ഏറെക്കാലം സന്തോഷമായി ജീവിച്ചു' എന്ന് അവസാനിപ്പിച്ചു പറഞ്ഞാല്‍പ്പിന്നെ കഥയില്‍ ചോദ്യമില്ല. ചര്‍ച്ചയുമില്ല. അനുവാചകരില്‍ ധര്‍മ്മാധര്‍മ്മങ്ങളെപ്പറ്റിയുള്ള ചര്‍ച്ച തുടര്‍ന്നു കൊണ്ടേയിരിക്കണം, അതിനായി ശ്രീരാമന്റെ കഥ ഒരു നിമിത്തമാകണം എന്ന് നിര്‍ബന്ധമുള്ള ആദികവി മനപ്പൂര്‍വ്വം ചെയ്തുവച്ച ഒരു സൂത്രമാണിത്. ഭാരതത്തില്‍ പലയിടത്തും ഇതിന്റെ ചര്‍ച്ചകള്‍ എല്ലാക്കൊല്ലവും നടക്കുന്നുണ്ട്. തമിഴ് നാട്ടില്‍ പല ഗ്രാമങ്ങളിലും 'പട്ടിമന്ട്രം' എന്ന ഡിബേറ്റ് വര്‍ഷാവര്‍ഷം നടക്കുന്നുണ്ട്. അതില്‍ ഇത്തരം വിവാദപരമായ പുരാണസന്ദര്‍ഭങ്ങള്‍ എടുത്ത് രണ്ടു വിഭാഗങ്ങളായി ചര്‍ച്ച ചെയ്യുകയാണ് പതിവ്. പറയുന്ന കാര്യങ്ങള്‍ പുതിയതല്ല, പക്ഷെ അവയ്ക്ക് പുതുമയുള്ള വ്യാഖ്യാനങ്ങള്‍ കണ്ടെത്തുകഎന്നതാണ് പുതുമ.
ഇതുപോലുള്ള മറ്റു പല വിവാദവിഷയങ്ങളും രാമായണത്തില്‍ ഉണ്ട്. ബാലിവധം, ശൂദ്രവധം തുടങ്ങിയ പല പ്രവൃത്തികളും ധര്‍മ്മാധര്‍മ്മവിവേചനത്തെപ്പറ്റി നമുക്ക് വളരെ വിശദമായി ചര്‍ച്ച ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ട്. ഇത്തരം വിവാദങ്ങള്‍ ഇല്ലാത്ത രാമായണം വാസ്തവത്തില്‍ തുലോം വിരസമായിരിക്കും. മാത്രമല്ല, വായിച്ചു മടക്കി വെച്ചുകഴിഞ്ഞാല്‍ പിന്നെയൊരിക്കലും തിരിഞ്ഞു നോക്കേണ്ടതില്ലാത്ത ഒരു പുസ്തകമായി വിവാദമുക്തമായ രാമായണം മാറിയേനെ.
സീതാപരിത്യാഗവിവാദത്തെപ്പറ്റി നമുക്കൊന്ന് വിശകലനം ചെയ്യാം. ആരായിരുന്നു സീതാദേവി? ഭൂമിദേവിയുടെ പുത്രി. അഗ്‌നിക്ക്‌പോലും തൊടാന്‍ കഴിയാത്ത പരിശുദ്ധിയുടെ പ്രതീകം! എന്ന് പറഞ്ഞാല്‍ പഞ്ചഭൂതങ്ങള്‍ക്കും അവയുടെ പ്രഭാവങ്ങള്‍ക്കും അതീതയായ ഭൂപുത്രിയാണ് സീത എന്ന് രാമന് അറിയാതെയിരിക്കുമോ? അങ്ങിനെയുള്ള സീതയെ 'കൊണ്ട് കാട്ടില്‍ക്കളഞ്ഞു' എന്നാണ് കഥ. കാട്ടില്‍ എവിടെ കൊണ്ടുപോയാക്കാനാണ് ലക്ഷ്മണനോടു പറഞ്ഞത്? വാല്‍മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍! കയ്യിലുള്ള കാശ് ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യാന്‍ പോകുമ്പോള്‍ സമ്പാദ്യമെല്ലാം ബാങ്കില്‍ കൊണ്ടുപോയി 'കളഞ്ഞു' എന്നാരെങ്കിലും പറയാറുണ്ടോ? (കടപ്പാട്: തുറവൂര്‍ വിശ്വംഭരന്‍)
നമ്മുടെ പ്രിയ കവയിത്രി വിജയലക്ഷ്മി ഇതേക്കുറിച്ച് 'സീതാദര്‍ശനം' എന്ന പേരില്‍ ഒരു പ്രൗഢ ഗംഭീരമായ കവിതയെഴുതിയിട്ടുണ്ട്. അതില്‍ സീതയുടെ ദര്‍ശനപൂര്‍ണ്ണതയെപ്പറ്റി പ്രതിപാദിച്ചു തുടങ്ങുന്നതിങ്ങിനെയാണ്:
'ഇല്ല പറഞ്ഞയച്ചില്ലെന്നെ രാഘവന്‍
ഇന്ന് പോകുന്നെന്നു ഞാനേ പറഞ്ഞൊരാള്‍'
എന്നെ ആരും കാട്ടില്‍ പറഞ്ഞയച്ചതൊന്നുമല്ല, ഞാന്‍ തനിയെ തീരുമാനിച്ചുറച്ചു കൊട്ടാരം വിട്ടു പോന്നതാണ്. കാരണം, എന്റെ അമ്മ പ്രകൃതിയാണ്, ഭൂമിയാണ്. അമ്മയുടെ അടുക്കലാണല്ലോ കന്നിപ്രസവത്തിനായി സ്ത്രീകള്‍ പോവുന്നത്.
'പോകുമാറില്ലേ മാതൃഗേഹത്തിലേയ്ക്കാ
സന്ന പുത്ര ലബ്ധിക്കായ് വധൂടിമാര്‍!'
അവിടെയാണ് എനിക്ക് വേണ്ട ശുശ്രൂഷയും സുരക്ഷിതത്വവും കിട്ടുക. മാത്രമല്ല കുട്ടി പിറക്കുമ്പോള്‍ നഗരത്തിന്റെ, രാജകൊട്ടാരത്തിന്റെ ആഡംബരത്തിലേയ്ക്കല്ല, മറിച്ച് പ്രകൃതിയുടെ മടിത്തട്ടില്‍, മണ്ണും മാനും മൃഗങ്ങളും കിളികളും നിറഞ്ഞയിടത്തുവേണം എന്റെ ഉണ്ണികള്‍ വളരാന്‍.
'ഉണ്ണികള്‍ കണ്‍ തുറക്കുന്നതെന്നമ്മതന്ന
ങ്കമാം പച്ചിലക്കൂട്ടിലായീടണം'
എന്നാണ് ആ അമ്മയുടെ ആഗ്രഹം.
അവര്‍ നാളെ നാടിനു വേണ്ടി തേരോട്ടേണ്ടവരാണ്. രാജ്യം ഭരിക്കേണ്ടവരാണ്. തന്റെ പുത്രന്മാരായ രാജകുമാരന്മാര്‍ 'തേരേറുന്നതിന്നു മുന്‍പേ നാടിന്റെ വേരറിയണമെന്ന്' നിര്‍ബ്ബന്ധമുള്ള അമ്മയുമാണവര്‍.
മാത്രമല്ല, 'രാജ്യാധികാരം പവിത്രമായ്ത്തീരുവാന്‍ രാമന്റെ ചാരെ ഞാനില്ലാതെയാവണം' എന്ന ഉത്തമമായ അവബോധത്തില്‍ കൊട്ടാരം വിട്ടിറങ്ങിയ രാജ്ഞിയാണ് സീത. ഒരു സ്ത്രീയ്ക്ക് മാത്രം സാദ്ധ്യമാവുന്ന പരിത്യാഗത്തിന്റെ കഥയാണിത്. ശ്രീബുദ്ധന്‍ കൊട്ടാരവും കുടുംബവും ഉപേക്ഷിച്ചതിനേക്കാള്‍ ശ്രേഷ്ഠമായ, ആത്മജ്ഞാനമെന്ന 'സത്വസ്വാര്‍ത്ഥത' പോലും തീണ്ടാത്ത പരിത്യാഗം തന്നെയാണിത്. സ്ത്രീപക്ഷപാതിയാവാന്‍ ആരും കൊതിച്ചുപോവുന്ന ആര്‍ജ്ജവമുള്ള ഫെമിനിസമാണ് നാമിവിടെ കാണുന്നത്. സീതയോടുള്ള സഹതാപം ആദരവിലേയ്ക്ക് ഉയരുന്ന കാവ്യഗരിമ.
കരഞ്ഞു കണ്ണീര്‍വീഴ്ത്തി നില്‍ക്കുന്ന ഭാര്യയല്ല, മറിച്ച്, തന്നെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നതിന്നുമുമ്പേ 'യോഗവാസിഷ്ഠ'മാണ് രാമന്റെയുള്ളില്‍ പ്രതിഷ്ഠിതമായിട്ടുള്ളത് എന്ന അറിവുള്ളവളാണ് ഈ സീത. അതുകൊണ്ട് 'പരിത്യാഗ ദുഃഖസങ്കല്‍പ്പം വെറും കഥാമാലിക' യാണെന്ന് സീതാദേവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വാല്‍മീകിയുടെ ദര്‍ശനത്തില്‍, സീതാപരിത്യാഗമെന്നതിനുപരി, ഇത് സീതയുടെ രാമപരിത്യാഗമാണ്. അതുകൊണ്ട് സഹതാപവും കണ്ണീരും അര്‍ഹിക്കുന്ന ഒന്നല്ല, ഈ പരിത്യാഗപര്‍വ്വം.
യാതൊരു വിവാദവുമില്ലാത്ത ഒന്നായിരുന്നു രാമായണം എങ്കില്‍ ഈ ഗ്രന്ഥം ഇപ്പോഴും ഇത്രയധികം ചര്‍ച്ചചെയ്യപ്പെടുമായിരുന്നോ? രാമായണം എപ്പോഴും എക്കാലത്തും മനുഷ്യരെ ചിന്തിപ്പിക്കുന്ന ഒരുത്തമഗ്രന്ഥമായി ലോകമെമ്പാടും നിലനില്‍ക്കാനുള്ള കാരണം കഥകളുടെ ഗാംഭീര്യത്തിനുപരി അത് നല്‍കുന്ന ധര്‍മ്മാധര്‍മ്മവിവേചനവിചാരവും അതിലൂടെ സംസിദ്ധമാവുന്ന ആത്മാന്വേഷണപ്രചോദനവുമാണ് എന്നെനിക്കു തോന്നുന്നു. അതായത് വാല്മീകിയുടെ അക്ഷരപ്പൂട്ടുകളാണീ വിവാദങ്ങള്‍.
ആത്മാനുസന്ധാനമാകുന്ന താക്കോലിട്ടു തിരിച്ച്, അരണി കടഞ്ഞ് അഗ്‌നിസ്ഫുലിംഗങ്ങള്‍ ഉണ്ടാകുന്നതുപോലെ നമ്മില്‍ ആത്മജ്ഞാനത്തിന്റെ ആലക്തികപ്രഭ പരത്താന്‍ ഈ വിവാദപര്‍വ്വങ്ങള്‍ക്ക് കഴിയുന്നു. മാത്രമല്ല, 'ആത്മപ്രകാശത്തിന്നാലക്തിക പ്രഭ ഒരുമാത്രമിന്നിയാല്‍ പോരും' എന്ന് സുവിദിതവുമാണല്ലോ !
No comments:
Post a Comment